പത്തനംതിട്ട : ജൂലൈ 11 ലോകജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതലപരിപാടിയും എക്സിബിഷനും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍ അനിതകുമാരി നിര്‍വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ നന്ദിയുംപറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഗര്‍ഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കണം എന്നതാണ് ഈവര്‍ഷത്തെ ദിനാചരണ സന്ദേശം. ജില്ലാതല പരിപാടിയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി എക്സിബിഷന്‍ പുഷ്പഗിരി നഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ ഡ്രാമ, ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.
കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുവര്‍ഷങ്ങളുടെ ഇടവേള വേണം. താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭ നിരോധനഗുളികകള്‍ എന്നിവ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ലഭ്യമാണ്. ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്നു തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്.പുരുഷന്‍മാരില്‍ നടത്തുന്നനോ- സ്‌കാല്‍പല്‍വാസക്ടമി വളരെവേദന രഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാം.