കോഴിക്കോട് : നാദാപുരത്ത് കോളജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. കോളേജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർ ആശുപത്രിയിൽ ചികിത്സ തേടി. കാന്റീനിലേക്ക് പൊറോട്ടയുണ്ടാക്കി നൽകിയ കാറ്ററിംഗ് യൂണിറ്റിൽ വൃത്തിഹീനമായി ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തി. പുളിയാവിലെ മലബാർ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ 18 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. കോളേജിലെ കാന്റീനിൽ നിന്ന് പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പൊറോട്ട പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് കാന്റീൻ ജീവനക്കാർ പറഞ്ഞു.
പൊറോട്ട വിതരണം ചെയ്ത കല്ലാച്ചിയിലെ കാറ്ററിംഗ് യൂണിറ്റിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തി ഹീനമായ നിലയിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചതായി കണ്ടെത്തി. പൊറോട്ടയിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. പൊറോട്ടയുടെ സാമ്പിളും കോളേജ് കാന്റീനിലെ കുടി വെള്ളവും പരിശോധനക്ക് എടുത്തു. അന്വേഷണം പൂർത്തിയാവുന്നത് വരെ കാന്റീൻ പൂട്ടാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥികൾ ആശുപത്രി വിട്ടു.