കുന്നത്തൂർ: കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ രോഗത്തെ തുടച്ചു നീക്കാന്‍ എല്ലാം ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും. വീട്ടുകാരെ ഉപേക്ഷിച്ച് സമൂഹത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ മറ്റുള്ളവരുടെ ജീവന് അത്രമേല്‍ വിലകല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാർക്കും ആദരം അര്‍പ്പിച്ചു കൊണ്ട് നമ്മുടെ നാട് മുന്നിൽ തന്നെയുണ്ട്. അവരുടെ അഭിമാനകരമായ പ്രവർത്തനത്തെ വിസ്മരിച്ച് കൊണ്ട് നമ്മുടെ നാടിന് മുന്നോട്ട് പോകാനാകില്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകരെ പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രാധ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലൈബ്രറികൗൺസിൽ കൺവീനർ എം.സുൽഫിഖാൻ റാവുത്തർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ്, പഞ്ചായത്ത് ലൈബ്രറി കൗൺസിൽ അംഗം നിസാം കാക്കാ, ഡോ.പ്രവീൺ, ഡോ. ദിവ്യ, എച്ച് ഐ വിനോദ് ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.