കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് മഹാരാഷ്ട്ര വകഭേദത്തിന്റെ പകർച്ച കൂടിയാൽ രോഗികൾക്ക് ഓക്സിജൻ സൗകര്യത്തോടു കൂടിയ വിദഗ്ധ ചികിത്സ വേണ്ടി വരും. അതിതീവ്ര വ്യാപന ശേഷിയാണ് ഈ വൈറസിന്. അങ്ങനെ വന്നാൽ ജില്ലയിൽ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം 7000 വരെയെത്താം എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ യുകെ വകഭേദമാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്ക വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലയിലെ നിലവിലെ സാഹചര്യത്തിൽ ഓക്സിജൻ നൽകാനുള്ള സൗകര്യം വളരെ പരിമിതമാണ്. സർക്കാർ മേഖലയിൽ 160 ഓക്സിജൻ കിടക്കകൾ മാത്രമാണ് ഉള്ളത്. ഉക്കിനടുക്ക മെഡിക്കൽ കോളജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിലായി 74, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 40, കാസർകോട് ജനറൽ ആശുപത്രിയിൽ 36 , ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ 10 എന്നിങ്ങനെയാണ് ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളുള്ളത്.
ജില്ലയിൽ 59 വെന്റിലേറ്ററുകൾ, 114 ഐസിയു ബെഡ്, 1101 ഓക്സിജൻ ബെഡ്, 589 സാധാരണ ബെഡ് എന്നിവ ഒരുക്കാൻ കളക്ടർ ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.