ബംഗളൂരു: പരിശോധനക്കു വിധേയരാകുന്ന ഓരോ രണ്ടുപേരിലുംഒരാള്‍ കോവിഡ് പോസിറ്റീവാകുന്നു. ബാംഗളൂരു നഗരത്തിലെ നിലവിലുള്ള അവസ്ഥയിതാണ്. തിങ്കളാഴ്ചയാണ് കര്‍ണാടകയുടെ തലസ്ഥാന നഗരത്തില്‍ നാടിനെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ച് പരിശോധനക്കെത്തിയവരില്‍ 55 ശതമാനവും പോസിറ്റീവായത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്. ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ചത്തെ കണക്കുകളില്‍ ഇത് കുറഞ്ഞ് 33 ശതമാനമായിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം നഗരത്തില്‍ പുതുതായി 20,870 കോവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്തത്. 132 മരണവും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള കര്‍ണാടകയില്‍ 44,632 ആണ് ചൊവ്വാഴ്ച പ്രതിദിന കണക്ക്. മരണം 292ഉം. നഗരത്തില്‍ പ്രതിദിന പരിശോധന ഒരു ലക്ഷത്തില്‍നിന്ന് 40,000/60000 ആയി കുറച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടിയതാണ് ഞെട്ടലായത്.
അതിനിടെ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ചെറുകിട ആശുപത്രികളില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വലിയ ആശുപത്രികളില്‍ കോവിഡ് ബാധിതര്‍ക്ക് ബെഡ് ഒഴിവില്ലാത്ത പ്രതിസന്ധിയുമുണ്ട്. സംസ്ഥാനത്ത് പ്രതിദിന വാക്സിന് കണക്ക് 10,000 ആയി ചുരുങ്ങിയിട്ടുണ്ട്.