കോവിഡ് വൈറസ് ബാധിച്ച ഭൂരിഭാഗം പേരും രണ്ടാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടുന്നുണ്ട്. എന്നാൽ കോവിഡിൽ നിന്ന് കരകയറി മാസങ്ങൾ പിന്നിട്ടിട്ടും ഏതാണ്ട് പത്തു ശതമാനത്തോളം ആളുകളിൽ ആരോഗ്യ പ്രശ്നങ്ങൾ നീണ്ടു നിൽക്കുന്നതായി പഠനം. വിട്ടുമാറാത്ത ക്ഷീണം കിതപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ചുമ, ശരീരവേദന, തലവേദന, മാനസിക സംഘർഷം, വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്നത്. വൈറസിന്റെ സ്വഭാവം കണക്കിലെടുത്ത് ഓരോ ആളുകളിലും വ്യത്യസ്തമായിരിക്കും ലക്ഷണങ്ങള്‍. ചിലത് ചെറുത് ആവാം. ചിലത് കഠിനമാവാം. കൂടാതെ പലരിലും രോഗത്തെ തുടർന്ന് പ്രതിരോധശേഷി നഷ്ടപ്പെടുന്നതായി കണ്ടുവരുന്നു. ഇവരിൽ ചെറിയ കാലാവസ്ഥാ വ്യതിയാനം പോലും ഗുരുതര രോഗങ്ങളിലേയ്ക്ക് നയിച്ചേക്കാം.
ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ചുമ, ശരീരവേദന, തലവേദന തുടങ്ങിയവയിൽ ചിലത് വളരെ നിസ്സാരവും കുറച്ച് സമയം കഴിയുമ്പോൾ തനിയേ സുഖപ്പെടുന്നതും ആണങ്കിൽ ചിലത് അപകടങ്ങളുടെ സൂചനയും ആവാം. കോവിഡ് ശരീരത്തിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നെന്നും പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതും നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതേ പ്രശ്നം ചിലപ്പോൾ പ്രാരംഭ ലക്ഷണങ്ങൾ ഭേദപ്പെട്ട ശേഷവും സംഭവിക്കാം. ശ്വാസകോശത്തിലെ രക്ത ക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്ന പൾമണറി എമ്പോളിസം, അപൂർവമായി ഉണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ലോങ്ങ് കോവിഡിന്റെ ഭാഗമായി ഉണ്ടാകാം. അപകടരമാവാൻ സാധ്യത ഉള്ള മറ്റൊരു പ്രശ്നമാണ് കോവിഡ് കാരണം ഹ്യദയപേശികളിൽ വരാൻ സാധ്യതയുള്ള ബലഹീനത.
ശ്വാസംമുട്ടല്‍ മുതൽ ഹൃദയതാളത്തിൽ ഉണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം ഉണ്ടാകാം. കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസ്. നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം, കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതായി കാണാറുണ്ട്. നേരത്തെ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടാം. ഈ കൂട്ടരുടെ ഷുഗറിന്റെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്നതായി കാണപ്പെടുന്നുണ്ട്. ഇതെല്ലാം നേരത്തെ കണ്ടെത്തേണ്ടതും ചികിത്സ ലഭിക്കേണ്ടതുമായ രോഗലക്ഷണങ്ങളാണ്.
കോവിഡ് അണുബാധ ഉണ്ടാകുന്ന 80 മുതൽ 85 ശതമാനം വരെ ആളുകളിൽ വളരെ ചെറിയ ലക്ഷണങ്ങൾ വന്ന് സുഖം പ്രാപിക്കുകയാണ് പതിവ്. അതിൽ തന്നെ ഭൂരിപക്ഷം ആളുകളിൽ ഒരു ലക്ഷണവും അറിയാതെ പോവുകയും ചെയ്യുന്നു. ലക്ഷണങ്ങൾ ഉള്ളവരിൽ രണ്ടു മുതൽ മൂന്നാഴ്ച വരെ സമയം കൊണ്ട് പൂർണ സുഖം പ്രാപിക്കേണ്ടതാണ്. ഈ സമയം കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ലോങ്ങ് കോവിഡ് പ്രശ്നങ്ങളായി കണക്കാക്കണം. അത് നേരത്തെ പറഞ്ഞതുപോലെ ചില ആളുകളിൽ സാധാരണ ജീവിതത്തിൽ നിന്ന് അല്പകാലം മാറിനിന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറുന്നതിനിടയിലെ ഒരു ക്രമീകരണ പ്രശ്നം മാത്രം ആയിരിക്കാം.
എന്നാൽ ചിലരിൽ വരാൻ പോകുന്ന അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയും ആവാം. ഇത് തിരിച്ചറിയാൻ വിദഗ്ധ സഹായം തേടുന്നത് നല്ലതാണ്, വിശ്രമസമയവും ചെറിയ വ്യായാമശേഷവും ഉള്ള ശരീരത്തിലെ ഓക്സിജന്റെ അളവ്, ഹിമോഗ്ലോബിൻ, നെഞ്ചിന്റെ എക്സ് റേ, ഇസിജി, ചിലപ്പോൾ സ്കാനിങ്, രക്തം കട്ടപിടിച്ചിട്ടുണ്ടാവാനുള്ള സാധ്യത പരിശോധിച്ചറിയുന്ന ഡി ഡൈമർ, സിആർപിപോലത്തെ ടെസ്റ്റുകൾ ഇവ നേരത്തെ തിരിച്ചറിയാൻ സഹായിക്കും. വൈറസ് ബാധയില്‍ നിന്ന് മുക്തരായ ശേഷം നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിലും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്.
ഇതിന് നല്ല ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളെ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി, ഡി, ബി 12, സിങ്ക്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കണം. ഇവ നിങ്ങളുടെ ശരീരം വേഗത്തില്‍ വീണ്ടെടുക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും സഹായിക്കും. അതേസമയം വ്യായാമവും നിങ്ങള്‍ക്ക് പ്രധാനമാണ്. എന്നാല്‍ കഠിനമായ വ്യായമങ്ങളോ ജിംവര്‍ക്ക് ഔട്ടുകളോ പരിശീലിക്കാതിരിക്കുക. ഒരു തുടക്കക്കാരനെപോലെ വ്യായാമം ഒന്നില്‍ നിന്നു തന്നെ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തിന് ആദ്യം സുഖപ്പെടുത്തുന്നതിന് ആവശ്യമായ സമയം നല്‍കുക. പതിയെ ഇതിന്റെ കാഠിന്യം വര്‍ധിപ്പിച്ചു കൊണ്ടുവരിക.