തൊടുപുഴ: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇടത് സര്‍വീസ് സംഘടനാ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ നിര്‍ബന്ധപൂര്‍വം വാങ്ങിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം തൊടുപുഴ സിവില്‍ സ്റ്റേഷനിലാണ് സംഭവം.
അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നത്. സാക്ഷ്യപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും പോസ്റ്റല്‍ ബാലറ്റുകള്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ കൈക്കലാക്കുന്നത്. ബാലറ്റ് പേപ്പര്‍ കൊടുക്കുവാന്‍ തയ്യാറാകാത്തവരോട് ഭീഷണിയുടെ സ്വരത്തിലാണ് ഇവരുടെ പെരുമാറ്റം.
വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ ഇവരുടെ കൈവശം കൊടുക്കാനും ജീവനക്കാര്‍ക്ക് ഭയമാണ്. കവര്‍ പൊട്ടിച്ച് ആര്‍ക്കാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കുവാനും സര്‍വീസ് സംഘടനാ നേതാക്കള്‍ മടിക്കില്ല. അതിനാല്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ നേതാക്കളുടെ കൈയില്‍ കൊടുത്തു വിടുന്നത് സുരക്ഷിതമല്ലായെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഭരണസ്വാധീനം ഉപയോഗിച്ച് പരമാവധി വോട്ടുകള്‍ ഇടത് പക്ഷത്തേക്ക് ചേര്‍ക്കുവാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ഒരു വോട്ട് പോലും ജയപരാജയങ്ങളെ നിര്‍ണയിക്കും എന്നുള്ളതിനാല്‍ ചട്ടങ്ങള്‍ എല്ലാം മറികടന്ന് നടക്കുന്ന അധികാര ദുര്‍വിനിയോഗം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.