ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തിന് പിന്നില്‍ ആം ആദ്മി പ്രവര്‍ത്തകര്‍. അരവിന്ദ് ഗൗതം എന്ന ആം ആദ്മി പ്രവര്‍ത്തകനാണ് സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലായ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. ഹിന്ദിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മോദിജി, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായുള്ള വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത് എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് 17 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായവരുടെ മൊഴിയില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ അരവിന്ദ് ഗൗതമാണെന്ന് പോലീസ് കണ്ടെത്തിയത്. വാട്ട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് പോസ്റ്റര്‍ നിര്‍മാണത്തിനുള്ള നിര്‍ദേശം അരവിന്ദ് നല്‍കിയത്. ഇതിനായി 9,000 രൂപയും ഇയാള്‍ കൈമാറിയിരുന്നുവെന്നും പോലീസ് പറഞ്ഞു.