ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം ഇന്നുണ്ടായേക്കം. പട്ടികയില്‍ കെ.പി.സി.സി അധ്യക്ഷന്‍ സുധാകരന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുമെന്നാണ് സൂചന. ഡി.സി.സികളെ ചലിപ്പിക്കേണ്ടത് കെ.പി.സി.സി അധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. അതിന് പുനഃസംഘടനയില്‍ തനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്നാണ് സുധാകരന്റെ നിലപാട്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തും. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരില്‍ സുധാകരന്‍ കടുത്ത നിലപാട് നേരത്തെ തന്നെ എടുത്തിരുന്നു. ഇതെല്ലാം ഹൈക്കമാണ്ട് അംഗീകരിക്കുമെന്നാണ് സൂചന. സുധാകരനെ പിണക്കാതെ പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം.
പട്ടിക സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്താന്‍ കെ.പി.സി.സി നേതൃത്വം തയാറാവാത്തതില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള പരിഭവം ഇനിയും മാറിയിട്ടില്ലെന്നാണ് സൂചന. അതിനിടെ പട്ടിക പുറത്തിറക്കുമ്പോള്‍ ഗ്രൂപ്പുകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. സൈബര്‍ പോരുകളെ ഹൈക്കമാണ്ട് ഗൗരവത്തില്‍ എടുത്ത സാഹചര്യത്തിലാണ് ഇത്.
അതിനിടെ ഡി.സി.സി പുനഃസംഘടനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പോസ്റ്റര്‍ പ്രതിഷേധവും തുടങ്ങി. എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ചു. വി.ഡി സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക. സതീശന്‍ പുത്തന്‍ ഗ്രൂപ്പുണ്ടാക്കുന്നു എന്നു മാണ് പോസ്റ്ററുകളില്‍ ആരോപിക്കുന്നത്.
സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 3 കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരും മുന്‍പ് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടികയ്ക്കു രൂപം നല്‍കിയിരുന്നു. പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒന്നിലധികം പേരുകള്‍ അന്ന് ഉയര്‍ന്നിരുന്നു. ജില്ലകളില്‍ ഒറ്റപ്പേര് തീരുമാനിക്കാന്‍ പിന്നാലെ സുധാകരനെ ഹെക്കമാണ്ട് ചുമതലപ്പെടുത്തി.
പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി സൂചനയുണ്ട്. ആലപ്പുഴയില്‍ ബാബുപ്രസാദും പാലക്കാട് എ.വി ഗോപിനാഥും ഡി.സി.സി അധ്യക്ഷന്മാരാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏതായാലും സുധാകരനും ഹൈക്കമാണ്ടും തമ്മിലുള്ള ചര്‍ച്ചയോടെ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയ്ക്ക് അന്തിമ രൂപമാകും. ഈ ചര്‍ച്ചകളില്‍ വി.ഡി അടക്കമുള്ളവരില്ലെന്നതും നിര്‍ണ്ണായകമാണ്. രാഹുല്‍ ഗാന്ധിയുടെ തീരുമാനവും പട്ടികയെ സ്വാധീനിക്കും. സ്ത്രീകള്‍ക്കും ദളിതര്‍ക്കും പട്ടികിയില്‍ സ്ഥാനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.