കോഴിക്കോട് : കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം.കെ രാഘവൻ എം.പിക്കും ഡി.സി.സി പ്രസിഡന്റ് പട്ടികയിലുള്ള കെ.പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ച അഞ്ചാംഗ സംഘത്തിലെ പ്രമുഖനെ ഡി.സി.സി പ്രസിഡന്റാക്കരുത്.
അഴിമതി വീരനേയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് വേണ്ടതെന്നും ആവശ്യം. നിലവിൽ ഡി.സി.സി പ്രസിഡന്റ് പട്ടികയിലുള്ള വ്യക്തിയാണ് കെ. പ്രവീൺ കുമാർ. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കമാണ് പോസ്റ്റർ പ്രതിഷേധത്തിന് കാരണമെന്ന് സൂചന. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും പോസ്റ്റർ പ്രതിഷേധം നടന്നിരുന്നു. എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രതിഷേധം.
വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. വി.ഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെയാണ് വി.ഡി സതീശനെതിരേയും പോസ്റ്റർ പ്രതിഷേധം. നേരത്തെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരേയും പോസ്റ്റർ ഒട്ടിച്ചിരുന്നു. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനാണോയെന്നായിരുന്നു കോട്ടയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.