പത്തനംതിട്ട : ശബരിമല തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പ്രധാന പാതകളിൽ ഒന്നായ അച്ചൻകോവിൽ-ചിറ്റാർ- പ്ലാപ്പള്ളി റോഡിലെ സീതത്തോട് പാലം പുനർനിർമ്മിക്കാനായി ശബരിമല മണ്ഡല-മകരവിളക്ക് കാലംതന്നെ തിരഞ്ഞെടുത്തത് വേണ്ടത്ര ആലോചന ഇല്ലാതെയാണെന്ന് ആന്റോ ആന്റണി. പ്രധാന പാതയിൽ പ്ലാപ്പള്ളി മുതൽ പുതുക്കട വരെയുള്ള ഭാഗങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോഴും വനത്തിലൂടെയുള്ള റോഡിന് തകരാറ് സംഭവിക്കുമ്പോഴും പത്തനംതിട്ട ഭാഗത്തേക്ക് തീർത്ഥാടക വാഹനങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾ കടത്തിവിടുന്നതും തിരക്കേറുമ്പോൾ വൺവേയായി ക്രമീകരിക്കുന്ന പ്രധാന റോഡുമാണ് ചിറ്റാർ ആങ്ങമൂഴി വഴി പ്ലാപ്പള്ളിയിൽ എത്തുന്ന റോഡ്. തീർത്ഥാടക വാഹനങ്ങൾക്കോ ആംബുലൻസിനോ ഫയർഫോഴ്സിനോ കടന്നു പോകാൻ കഴിയാത്ത തകർന്നു കിടക്കുന്ന ഒരു റോഡാണ് ബദൽ സംവിധാനമായി കണ്ടെത്തിയിരിക്കുന്നതെന്നും വേണ്ടത്ര മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെയാണ് നാളെ പാലം പൊളിക്കുവാൻ തീരുമാനിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു.
ബദൽറോഡ് വീതികൂട്ടി ഗതാഗതയോഗ്യമാക്കിയതിനുശേഷം മാത്രമേ പാലം പൊളിക്കുവാൻ പാടുള്ളൂ. ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു നടപടിയും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. മുൻ സർക്കാരുകളുടെ കാലത്ത് മാസങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിലേക്കുള്ള റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ ശബരിമല തീർത്ഥാടകർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല ശബരിമല പാതയിലെ പാലം പൊളിക്കാൻ വ്യഗ്രതയോടെ നിൽക്കുകയുമാണ്. തീർത്ഥാടകരോട് അല്പമെങ്കിലും ബഹുമാനം ഉണ്ടെങ്കിൽ സീതത്തോട് പാലം പൊളിക്കുന്നത് ഈ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ മാറ്റിവെക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.