ചിറ്റാർ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ( സിബിസി ) കോട്ടയം ചിറ്റാർ ഗ്രാമ പഞ്ചായത്ത്, ഐ സി ഡി എസ് റാന്നി അഡീഷണൽ പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെ ചിറ്റാർ വയ്യാറ്റുപുഴ എസ് എൻ ഡി പി ഹാളിൽ സംഘടിപ്പിക്കുന്ന പൊതുജനസമ്പർക്ക പരിപാടിയും പ്രദർശനവും കെ.യു.ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതികളെ കുറിച്ച് അവബോധം വളർത്താൻ ഇതു പോലെയുള്ള പരിപാടികൾ ഉപകരിക്കുമെന്നും ഈ അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എം എൽ പറഞ്ഞു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.ഗോപി അദ്ധ്യക്ഷനായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ജോയിൻ്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യ പ്രഭാഷണം നടത്തി. പദ്ധതികളെ കുറിച്ച് അവബോധം വളർത്തി സാധാരണക്കാരനെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഡോ. നീതു സോന വ്യക്തമാക്കി.
ചിറ്റാർ പഞ്ചായത്ത് പ്രസിഡൻ്റ് സജി കുളത്തുങ്കൽ, സി ഡി എസ് ചെയർപേഴ്സൺ മിനി അശോകൻ, ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ എന്നിവർ സംസാരിച്ചു. സിബിസി അസിസ്റ്റൻറ് ഡയറക്ടർ സുധ നമ്പൂതിരി സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ഷിബി മോൾ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സാമ്പത്തിക സാക്ഷരതയെ കുറിച്ച് റാന്നി സാമ്പത്തിക സാക്ഷരത കൗൺസിലർ സാം കെ ജോസഫും മയക്കുമരുന്ന് അമ്മ അറിയാൻ എന്ന വിഷയത്തിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ഫിലിപ്പ്, സിവിൽ ഓഫീസർ സംഗീത എന്നിവർ ക്ലാസ്സുകൾ എടുത്തു. തുടർന്ന് കേന്ദ്ര സോംഗ് ആൻ്റ് ഡ്രാമാ വിഭാഗം കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
നാളെ ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും സൈബർ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും കലാപരിപാടികളും ഉണ്ടായിരിക്കും. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന തപാൽ വകുപ്പിൻ്റെ സ്റ്റാളിൽ ആധാർ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാണ്. പരിപാടി നാളെ സമാപിക്കും.

































