തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില വീണ്ടും വർദ്ധിച്ചു. ചൂട് കൂടുന്നതിനാൽ ഫാമുകളിൽ കോഴി എത്തുന്നത് കുറയുന്നതും കോഴിത്തീറ്റയുടെ വില വർദ്ധനവുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ച മുൻപ് വരെ കോഴിയിറച്ചിക്ക് 145 മുതൽ 150 വരെ ആയിരുന്നു വില. അതേ സമയം ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയും അതിൽ കൂടുതലും ഈടാക്കുന്നുണ്ട്.ചൂട് ക്രമാതീതമായി വർദ്ദിക്കുന്നതിനാൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.
അമ്പത് കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്‌ക്ക് നിലവിലെ നിരക്ക് 700 രൂപയാണ്. കോഴിയിറച്ചിയുടെ വില ഇനിയും വർദ്ദിച്ചാൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ദിക്കാനും സാധ്യതയുണ്ട്. കേരളത്തിലേയ്‌ക്ക് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കോഴികളെ എത്തിക്കുന്നത്. മുൻപ് സംസ്ഥാനത്തിനാവശ്യമായ കോഴിയുടെ അമ്പത് ശതമാനം തദ്ദേശീയമായി ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ അത് കൊറോണയ്‌ക്ക് ശേഷം ഇത് ഇരുപത് ശതമാനമായി കുറയുകയായിരുന്നു. അതേസമയം ട്രോളിംഗ് നിരോധനം വരുന്നതോടെ കോഴിയിറച്ചിക്ക് വീണ്ടും വില വർദ്ദിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.