ഡല്‍ഹി : ശ്രമിക് ട്രെയിനുകളില്‍ കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടത് പട്ടിണി മൂലമല്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ശ്രമിക് ട്രെയിനുകളില്‍ യാത്രക്കിടെ 97 പേര്‍ മരണപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഈ മരണങ്ങളൊന്നും പട്ടിണി മൂലമല്ലെന്നും ഗുരുതര അസുഖങ്ങളുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗം പേരുമെന്നും പാര്‍ലിമെന്റില്‍ അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മരണപ്പെട്ട 97 പേരില്‍ 87 പേരുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിനയച്ചിരുന്നുവെന്നും ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ മൂലമാണ് കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടതെന്ന് ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണെന്നും റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. പട്ടിണിമൂലമാണ് കുടിയേറ്റ തൊഴിലാളികള്‍ ശ്രമിക് ട്രെയിനുകളില്‍ മരണപ്പെട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രി വ്യക്തമായ വിശദീകരണം നടത്തിയത്.