മല്ലപ്പള്ളി : മല്ലപ്പള്ളി-വെണ്ണിക്കുളം ഭാഗത്ത് വൈദ്യുതി കേബിൾ തകരാർ പതിവ്. ലൈനിൽ എവിടെ മരം വീണാലും സബ്‌സ്റ്റേഷൻ മുതൽ വിതരണം തടസ്സം നേരിടുമെന്നതാണ് സ്ഥിതി. അടുത്തിടെ തെള്ളിയൂരിൽ മരംവീണപ്പോൾ മല്ലപ്പള്ളി സബ് സ്റ്റേഷന് സമീപം വെണ്ണിക്കുളം ഏരിയൽ ബെഞ്ച് കേബിൾ കത്തിപ്പോയി. ഇത് കണ്ടുപിടിച്ചെങ്കിലും നന്നാക്കാൻ മെനക്കെടാതെ കുമ്പനാട് സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ബാക്ക് ഫീഡ് ചെയ്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ കേബിൾ അനുവദിക്കുകയും ശനിയാഴ്ച ഇത് നന്നാക്കാനുള്ള പണികൾ ആരംഭിക്കുകയും ചെയ്തു. നേരത്തേ കീഴ്വായ്പൂര് കഷായപ്പടിയിലും കേബിൾ കത്തിപ്പോയിരുന്നു.
നിലവാരം കുറഞ്ഞ കേബിൾ മല്ലപ്പള്ളി വെണ്ണിക്കുളം ലൈനിൽ ഉപയോഗിച്ചതാണ് അടിക്കടി തകരാറുകൾ വരാൻ കാരണമെന്ന് ബോർഡ് ജീവനക്കാർ തന്നെ സംശയിക്കുന്നുണ്ട്. പമ്പ് ഉൾപ്പെടെ അധിക വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾ വൈകിട്ട് ആറിന് മുൻപ് പ്രവർത്തിപ്പിച്ചു പൂർത്തിയാക്കണമെന്നാണ് ബോർഡ് നിർദേശം. എന്നാൽ ആ സമയത്ത് വോൾട്ടേജ് ഇല്ലാത്തതിനാൽ ഇവയൊന്നും ഓൺ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. തുടർച്ചയായി തകരാറിലാകുന്ന കേബിൾ പരിശോധിക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഒഴിവാക്കാനും നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. 120 ചതുരശ്ര മില്ലിമീറ്റർ വലുപ്പമുള്ള മൂന്ന് ഏരിയൽ ബെഞ്ച് കേബിളുകൾ നേരത്തേ നാട്ടിയ തൂണുകൾ വഴിയാണ് ഇവിടെ വലിച്ചത്. ആദ്യഘട്ടമായി നെയ്തേലിപ്പടി വരെയും പിന്നീട് വെണ്ണിക്കുളത്തേക്ക് നീട്ടുകയായിരുന്നു. 20 ലക്ഷം രൂപയുടെ പ്രവൃത്തി കെഎസ്ഇബിയുടെ ജില്ലാ പ്രോജക്ട് മാനേജ്‌മന്റ് വിഭാഗമാണ് നടപ്പാക്കിയത്.