അടൂര്‍ : വൈദ്യുതി മുടക്കം മൂലം റവന്യൂ ടവറിലെ താലൂക്ക് സ്ഥിതിവിവര കണക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം അവതാളത്തില്‍. ഇവിടെ യു.പി.എസ് തകരാറായത് കാരണം ആകെയുള്ള ഏഴ് കമ്പ്യൂട്ടറുകളും നിശ്ചലമാകും. ഇതോടെ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ആസൂത്രണത്തിന് ആവശ്യമായ വിവരം ശേഖരിക്കല്‍, സൂചികകള്‍, കാര്‍ഷിക മേഖലയിലെ വിവര ശേഖരണം, സ്‌ഥിതിവിവര കണക്ക് ശേഖരണം ഉള്‍പ്പെടെ നിരവധി ജോലികളാണ് ഇവിടെയുള്ളത്. അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് വിലങ്ങ് തടിയാകുന്നത്.
കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം പെന്‍ഷന്‍കാര്‍ ബുദ്ധിമുട്ടുന്നു. ഇവിടെ ഏറെ നാളായി യു.പി.എസ് തകരാറിലാണ്.
വൈദ്യുതി കൂടി പോകുന്നതോടെ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ഒരു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതോടെ ട്രഷറിയില്‍ വന്‍ തിരക്കും അനുഭവപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ ശമ്പളം വാങ്ങുന്നതിനും എത്തുന്നുണ്ട്. വൈദ്യുതി മുടങ്ങുന്ന അത്രയും സമയം ട്രഷറിയില്‍ യാതൊരു ഇടപാടും നടക്കുകയില്ല. 14 കമ്പ്യൂട്ടറുകളാണ് ഉള്ളത്. ഇവിടെയുള്ള രണ്ട് യു.പി.എസുകളും തകരാറിലാണ്. വൈദ്യുതി മുടക്കം മൂലം ട്രഷറിക്കുള്ളില്‍ കുറ്റിരുട്ടുമാണ്. വൈദ്യുതി മുടക്കം കാരണം റവന്യൂ ടവറിലെ ലിഫ്‌റ്റിന്റെ പ്രവര്‍ത്തനം ഇടയ്‌ക്കിടെ നിലയ്‌ക്കും.
ഉണ്ടായിരുന്ന ജനറേറ്റര്‍ ഏറെ നാളായി തകരാറിലാണ്. ലിഫ്‌റ്റ് പ്രവര്‍ത്തിക്കാതാകുന്നതോടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ വലയുകയാണ്.
അഞ്ച് നിലകളിലായി നൂറ് കണക്കിന് വ്യാപാര സ്‌ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പല നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളിലേക്ക് പടി കയറേണ്ടി മടുക്കുന്ന അവസ്‌ഥയാണ്. പുതിയ ജനറേറ്റര്‍ വെയ്‌ക്കാന്‍ അനുമതിയായെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസമാകുന്നു. തകരാറിലായ ലിഫ്‌ടുകള്‍ നന്നാക്കുന്നതിന് നടപടിയില്ല. നാല് ലിഫ്‌ടുകള്‍ ഉള്ള ഇവിടെ പുതിയതായി സ്ഥാപിച്ച ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. നൂറ് കണക്കിന് വ്യാപാര സ്‌ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും നൂറ് കണക്കിനാള്‍ക്കാര്‍ എത്തുന്ന ലോട്ടറി ഓഫീസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ രാവിലെ ഓഫീസ് സമയത്തെ ആകെയുള്ള ഒരു ലിഫ്‌റ്റിന് മുന്നില്‍ കൂട്ടിയിടിയാണ്. പുതിയ ലിഫ്‌റ്റ് ഒരു മാസത്തിനകം കൊണ്ടുവരുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപ്പായാല്‍ നടപ്പായെന്ന് പറയാം.