തിരുവനന്തപുരം : കോവിഡ് കാലത്ത് വിലകൂടിയ പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന്റെ രേഖകള്‍ പുറത്ത്. വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത്.
2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്നും വിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. ഇതിന് തൊട്ടു മുന്‍പത്തെ ദിവസം കിറ്റൊന്നിന് 446 രൂപ കൊടുത്ത് വാങ്ങിയത് 30ന് 1550 രൂപയ്ക്കാണ് വാങ്ങിയതെന്ന് രേഖകളില്‍ വ്യക്തമാണ്.
സാന്‍ ഫാര്‍മാ അടക്കമുള്ള കമ്പനികളില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ശൈലജ ടീച്ചറും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും അംഗീകാരം നല്‍കിയ ഫയലാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ അന്നത്തെ ആരോഗ്യ മന്ത്രിയായ ശൈലജ ടീച്ചര്‍ അംഗീകാരം നല്‍കിയത് വ്യക്തമാവുന്നത്. ഫയലില്‍ ആരോഗ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒപ്പിട്ടിട്ടുണ്ട്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് നല്‍കിയിരുന്ന കൊച്ചി ആസ്ഥാനമായ കെയ്‌റോണ്‍ എന്ന കമ്പനി 450 രൂപയ്ക്കാണ് കിറ്റ് നല്‍കിയിരുന്നത്. ഇതിന് പുറമെ ആയിരുന്നു ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. കോവിഡ് വ്യാപനം രൂക്ഷമായ അടിയന്തര സാഹചര്യത്തിലാണ് ഉയര്‍ന്ന വിലയ്ക്ക് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നല്‍കിയിരുന്നു.