പാരിസ്: മലയാളികളുടെ അഭിമാനവും ഇതിഹാസ ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ് കരിയറിലെ തന്റെ അവസാന അന്താരാഷ്ട്ര പോരാട്ടത്തിന് ഇന്നിറങ്ങും. സ്‌പെയിനിനെതിരായ ഒളിംപിക്‌സ് ഹോക്കി വെങ്കല പോരാട്ടമാണ് മുന്‍ നായകന്‍ കൂടിയായ ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര മത്സരം. വെങ്കല നേട്ടത്തോടെ കരിയറിനു സമ്മോഹന വിരാമമിടാന്‍ ശ്രീ ഒരുങ്ങി. ഇന്ന് വൈകീട്ട് 5.30 മുതലാണ് വെങ്കല പേരാട്ടം. ഒളിംപിക്‌സ് തന്റെ അവസാന പോരാട്ടമാകുമെന്നു നേരത്തെ പ്രഖ്യാപിച്ച ശ്രീജേഷ് ഇപ്പോള്‍ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തില്‍ ഹൃദയ സ്പര്‍ശിയായ വിടവാങ്ങള്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.’അവസാനമായി ഒരിക്കല്‍ കൂടി ആ പോസ്റ്റുകള്‍ക്കിടയില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ടു വീര്‍പ്പുമുട്ടുന്നു. സ്വപ്‌നങ്ങള്‍ കണ്ടു നടന്ന കൊച്ചു കുട്ടിയില്‍ നിന്നു ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള എന്റെ ഈ യാത്ര അസാധാരണമായ ഒന്നാണ്.’
‘ഇന്ന് ഞാന്‍ ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിക്കുന്നു. ഓരോ സേവും ഓരോ ഡൈവും ആരാധകരുടെ ഓരോ ഇരമ്പലും എല്ലാ കാലത്തും എന്റെ ആത്മാവില്‍ പ്രതിധ്വനിക്കും. നന്ദി ഇന്ത്യ, എന്നെ വിശ്വസിച്ചതിന് ഒപ്പം നിന്നതിന്. ഇത് അവസാനമല്ല. പ്രിയപ്പെട്ട ഓര്‍മകളുടെ തുടക്കമാണ്.’എല്ലാ കാലത്തും സ്വപ്‌നങ്ങളുടെ സൂക്ഷിപ്പുകാരന്‍, ജയ് ഹിന്ദ്.’- താരം കുറിച്ചു.