റാന്നി : വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ ഉണ്ടായ ശ്രദ്ധ ക്ഷണിക്കൽ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരമ്പരാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കായി ഒരു സ്കിൽ ബാങ്ക് രൂപീകരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. യന്ത്രവൽക്കരണം വന്നതോടെ പരമ്പരാഗത തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കണം.
പരമ്പരാഗത തൊഴിലുകൾ സംരക്ഷിക്കപ്പെടണം. ആറന്മുള കണ്ണാടിയുടെ നിർമ്മാണവും മാന്നാറിലെ ഓട് നിർമ്മാണവുമൊക്കെ സംരക്ഷിക്കപ്പെടാതെ പോകുകയാണ്. ഇതുപോലെയുള്ള ഭാഗങ്ങൾ പൈതൃക ഗ്രാമങ്ങളായി തിരിച്ച് ഇവയുടെ ഉൽപാദനം വർദ്ധിപ്പിച്ച് ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകർഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വെച്ചൂച്ചിറയിൽ നിലവിലുള്ള വിശ്വബ്രാഹ്മണ കോളേജ് എയ്ഡഡ് കോളേജ് ആക്കി മാറ്റണമെന്നാവശ്യവും പരിഗണിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന് പിന്നോക്ക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി.