റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികൾക്കായി 15 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
മണിയാർ ഡാം കേന്ദ്രീകരിച്ചുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു ജലവിഭവ വകുപ്പിന്‍റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ഇതിന്‍റെ നിർമ്മാണം ആരംഭിക്കും.
കൂടാതെ പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പ്രകൃതിയുടെ വന്യ സൗന്ദര്യം ആസ്വദിക്കുന്ന പെരുന്തേനരുവി ടൂറിസം പദ്ധതിയെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കാൻ സാമഗ്ര പദ്ധതി നടപ്പാക്കും. പെരുന്തേനരുവി ചെറുകിട ജലവൈത പദ്ധതിയുടെ പ്രദേശങ്ങളെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റാൻ കഴിയും .ട്രക്കിങ്, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, നദീതീരത്തുകൂടിയുള്ള സ്കൈ വാക്ക് എന്നിവയുടെ സാധ്യതകൾ വനംവകുപ്പിന്‍റെ സഹായത്തോടെ ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
റാന്നി നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു ടൂറിസം മേഖല വീതം കണ്ടെത്തി വികസിപ്പിക്കും. ഇവയെല്ലാം കേന്ദ്രീകരിച്ച് ഒരു ടൂറിസം സർക്യൂട്ട് തയ്യാറാക്കും. റാന്നിയുടെ സാംസ്കാരിക പൈതൃക ഗ്രാമമായ അയിരൂർ കേന്ദ്രീകരിച്ച് തെക്കൻ കലാമണ്ഡലം സ്ഥാപിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. സെൻറർ ഫോർ മാനേജ്മെൻറ് , റാന്നി സെൻറ് തോമസ് കോളേജ് ടൂറിസം വിഭാഗം എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാകും.
എംഎൽഎയെക്കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് ഗോപി , ശോശാമ്മ ജോസഫ് , പഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ , ടി കെ ജയിംസ്, ബീന ജോബി, കെ ആർ സന്തോഷ് കുമാർ , ബിന്ദു റെജി, ബിനു ജോസഫ് , ജിജി പി എബ്രഹാം,ലതാ മോഹൻ , വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്,റാണി ഡി എഫ് ഓ ജയകുമാർ ശർമ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് തോമസ് കോളേജ് ടൂറിസം പ്രതിനിധികൾ എന്നിവർ സംസാരിച്ചു.