റാന്നി: കിഴക്കൻ മലയോര മേഖലയുടെ സ്പന്ദനമറിഞ്ഞ് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.പ്രമോദ് നാരായൺ തന്റെ ശബരിമല ഭാഗത്തെ പര്യടനം പൂർത്തിയാക്കി. രാവിലെ മുഖ്യമന്ത്രി എത്തിയതിനാൽ ഉച്ചയ്ക്ക് ശേഷം അട്ടത്തോട്ടിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
അട്ടത്തോട്ടില്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. വനാന്തർ ഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസി കുട്ടികളെ വിദ്യാസമ്പന്നരാക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. അട്ടത്തോട് ട്രൈബൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപയാണ് പിണറായി സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. അറയാഞ്ഞിലിമൺ കോസ് വേ വർഷ കാലത്ത് പമ്പാനദി കരകവിഞ്ഞ് പല തവണ മുങ്ങി പ്രദേശം ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. ഇവിടെ പാലം അത്യാവശ്യമാണ്.
പട്ടയ പ്രശ്നം, കാട്ടുമൃഗങ്ങളുടെ ആക്രമണം,എല്ലാത്തിനും പരിഹാരം ഉണ്ടാവുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു. പര്യടനം വൈകിട്ട് അറയാഞ്ഞിലിമണ്ണിൽ സമാപിച്ചു. സി.എ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.വി വിദ്യാധരന്‍, പി ആർ പ്രസാദ്, കെ.എസ് ഗോപി, ജോര്‍ജ് എബ്രഹാം, എം.റെന്‍സി, ഗിരിജ മധു, അഡ്വ. വി ജി സുരേഷ്, എസ്. എസ് സുരേഷ്, സി. എസ് സുകുമാരൻ, റോബിൻ കെ. തോമസ്,കബീര്‍ തുലാപ്പള്ളി, ഹസന്‍കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.