ന്യൂഡല്‍ഹി : 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും കരയ്ക്കടുപ്പിക്കണം എന്നൊരു ഒറ്റ ലക്ഷ്യം മാത്രമാണ് നേതൃത്വത്തിനുള്ളത്. ഇതിനായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുവെന്ന സൂചന പുറത്തുവന്നിരുന്നു.
ബംഗാളില്‍ ബി.ജെ.പി മുന്നേറ്റത്തെ തടഞ്ഞ് മമത ബാനര്‍ജിയെ വീണ്ടും അധികാരക്കസേരയില്‍ ഇരുത്തിയ തെരഞ്ഞെടുപ്പ് ബുദ്ധിരാക്ഷസന്‍ പ്രശാന്ത് കിഷോറും കേന്ദ്രത്തില്‍ മോദിയെ തടയാന്‍ കോണ്‍ഗ്രസ് വളരണമെന്ന പക്ഷക്കാരനാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന ചൊല്ല് കണക്കിലെടുത്താല്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്നതിനു പിന്നില്‍ കാരണങ്ങള്‍ നിരവധിയാണ്. മോദിയെയും ബിജെപിയെയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് പ്രശാന്ത് കിഷോറിന്റെ തുറുപ്പു ചീട്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ തന്നെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാനും സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മാസ് പരിവേഷമുള്ള ഒരു നേതാവ് വേണമെന്നാണ് പ്രശാന്തിന്റെ കണ്ടെത്തല്‍. ഇതിനായി രാഹുല്‍ ഗാന്ധിയെ ഒരുക്കാനാണ് കോണ്‍ഗ്രസ് നീങ്ങുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ മുഖമായി രാഹുലിനെ മാറ്റുകയാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിക്ക് എതിരാളിയായി രാഹുലിനെ നിര്‍ത്തുമ്പോള്‍ മമതയ്ക്ക് സമാനമായ പ്രതിഛായയില്‍ പ്രിയങ്ക ഗാന്ധിയെയും ഒരുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. മമതയുടെ ഇമേജ് ബംഗാളില്‍ ഫലം കണ്ടതുപോലെ പ്രിയങ്കയുടെ മാസ് ഇമേജ് വഴി സ്ത്രീകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങളും വിശദീകരിച്ചിട്ടുണ്ട്.