ന്യൂഡല്‍ഹി : കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രശാന്ത് നേതാക്കളെ അറിയിച്ചതായാണ് വിവരം. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞദിവസങ്ങളില്‍ അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശാന്തിന്‍റെ പാര്‍ട്ടി പ്രവേശനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.
പ്രിയങ്ക ഗാന്ധിയും അംബിക സോണിയും പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലും അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശനത്തിലും അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ ദ്വിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല, ജയറാം രമേഷ് എന്നിവരാണ് തുടര്‍ച്ചയായി എതിര്‍പ്പ് ഉന്നയിച്ച് രംഗത്തുണ്ടായിരുന്നത്. കിഷോറിന് പാര്‍ട്ടിയില്‍ പ്രവേശനം നല്‍കിയാല്‍ പ്രധാന പദവി നല്‍കേണ്ടിവരും.
ഇത് പാര്‍ട്ടി അടക്കി വാഴുന്നതിലേക്ക് നീങ്ങുമെന്നാണ് എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ പ്രധാനമായും പറയുന്നത്. കിഷോര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് നയ രൂപരേഖ സംബന്ധിച്ച് പഠിക്കാന്‍ പ്രിയങ്ക ഗാന്ധി, ദിഗ്വിജയ്സിങ്, ജയറാം രമേശ്, മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയെയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. ഇവര്‍ ഏപ്രില്‍ 21ന് പഠന റിപ്പോര്‍ട്ട് സോണിയക്ക് സമര്‍പ്പിച്ചിരുന്നു.മറ്റു പാര്‍ട്ടികളുമായുള്ള ബന്ധം കിഷോര്‍ ഉപേക്ഷിക്കണമെന്നാണ് വിയോജിപ്പുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.