ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. യാത്രാമൊഴിക്ക് ശേഷം ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാൻ കരാറായിരുന്നെങ്കിലും ആ പ്രൊജക്റ്റ് നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പ്രതാപ് പോത്തന്റെ ആദ്യ വിവാഹം പ്രശസ്ത ചലച്ചിത്ര താരം രാധികയുമായിട്ടായിരുന്നു. 1985-ൽ നടന്ന അവരുടെ വിവാഹം താമസിയാതെ വേർപിരിഞ്ഞു. 1990-ൽ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും 2012ൽ വിവാഹബന്ധം വേർപെടുത്തി. അമലയിൽ ഒരു മകളാണ് പ്രതാപ് പോത്തനുള്ളത്. മകൾ കേയ പോത്തൻ റോക്ക് & റോൾ ഗായികയായി ഗാനങ്ങൾ അവതരിപ്പിക്കുന്നു.