ന്യൂഡല്‍ഹി: സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ് റ്റിലിക്ക് പ്രതിരോധ അഴിമതിക്കേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷ. ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജറുകള്‍ വാങ്ങാനുള്ള ഇടപാടുമായി ബന്ധപ്പെട്ട 2001ലെ കേസിലാണ് ശിക്ഷ. ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ്ജയ ജയ് റ്റിലിക്കും മറ്റ് രണ്ട് പേര്‍ക്കും ശിക്ഷവിധിച്ചത്. മൂന്ന് പ്രതികള്‍ക്കും അഴിമതിയിലും ഗൂഢാലോചനയിലും പങ്കുള്ളതായാണ് കോടതിയുടെ കണ്ടെത്തല്‍.
ജയ ജയ് റ്റിലിക്ക് ഏഴ് വര്‍ഷമെങ്കിലും തടവുശിക്ഷ വിധിക്കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ജയ ജയ് റ്റിലിയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് ഈ മാസം 26ന് കോടതി കണ്ടെത്തിയിരുന്നു. ജയ ജയ് റ്റിലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്ക് ബോദ്ധ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതി നടപടി. മൂന്ന് പ്രതികള്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കോടതിയില്‍ കീഴടങ്ങാനാണ് ജയ ജയ് റ്റിലി അടക്കമുള്ള മൂന്ന് പ്രതികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ക്ഷണ പ്രകാരം സോഷ്യലിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും ജനതാ പാര്‍ട്ടിയിലൂടെയും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജയ ജയ് റ്റിലി പിന്നീട് ഫെര്‍ണാണ്ടസിനൊപ്പം ജനതാദളിലേയ്ക്ക് പോവുകയായിരുന്നു. അതിനു ശേഷം ഫെര്‍ണാണ്ടസിനൊപ്പം സമത പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്തു.
ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന് പേരുള്ള തെഹല്‍ക്കയുടെ 2001 ജനുവരിയിലെ ഒളിക്യാമറ ഓപ്പറേഷനാണ് കേസിലേയ്ക്ക് നയിച്ചത്. പ്രതിരോധ ഇടപാടുകാരെന്ന വ്യാജേനയാണ് തെഹല്‍ക സംഘം ജയ ജയ് റ്റിലി അടക്കമുള്ളവരെ കണ്ടത്. സാങ്കല്‍പ്പിക കമ്പിനിയുടെ പേര് പറഞ്ഞായിരുന്നു കൂടിക്കാഴ്ച. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ തെഹല്‍ക്ക സംഘം ഒളിക്യാമറയില്‍ പകര്‍ത്തുകയും സംഭവം വിവാദമാവുകയുമായിരുന്നു.
പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. പ്രതിരോധ ഇടപാടിലെ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2001 മാര്‍ച്ച് 16ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബറില്‍ ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായി തിരിച്ചെത്തി. തെഹല്‍ക്ക ഓപ്പറേഷനോടെ ജയ ജയ് റ്റിലി സമത പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.