തിരുവനന്തപുരം : തീരദേശ ഗ്രന്ഥശാലകളെ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായുള്ള ‘പ്രതിഭാതീരം’ പദ്ധതി മാതൃകാപരമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രതിഭാതീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ വായനശാലകളെ ഇ – ലേർണിങ് സെന്ററാക്കി മാറ്റി പഠനനിലവാരവും ആധുനിക പഠന സൗകര്യവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി തീരദേശത്തെ തെരഞ്ഞെടുക്കപ്പെട്ട 75 വായനശാലകളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഡെസ്ക്‌റ്റോപ് കമ്പ്യൂട്ടർ , പ്രൊജക്ടർ, യു എസ് ബി സ്പീക്കർ, സ്ക്രീൻ, സ്മാർട്ട് ടിവി, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു. ഒരു കോടി 83 ലക്ഷത്തിലധികം രൂപയാണ് പദ്ധതി നടപ്പാക്കാനായി വിനിയോഗിച്ചിരിക്കുന്നത്.
അടുത്ത വർഷത്തോടെ ലൈബ്രറി കൗൺസിലിന് കീഴിലുള്ള 150 ഗ്രന്ഥശാലകളിൽ കൂടി പ്രതിഭാതീരം പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. തൊഴിലാളി സമൂഹത്തെ രാജ്യത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള പരിശ്രമമാണ് പ്രതിഭാതീരമെന്നും തീരദേശത്തെ യുവജനതയ്ക്കും വിദ്യാർഥികൾക്കും ശാസ്ത്രസാങ്കേതികപരമായും വിദ്യാഭ്യാസപരമായും വളർച്ചയുണ്ടാകാനും മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാനുമുള്ള സംവിധാനം ഒരുക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണി രാജു എം.എൽ.എ വ്യക്തമാക്കി. വെട്ടുകാട് ക്രൈസ്റ്റ് ദി കിംഗ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ, വകുപ്പ് ഡയറക്ടർ സഫ്ന നസറുദീൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി പി മുരളി, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.