കാഞ്ഞങ്ങാട് : രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യെ തീവണ്ടിയിൽ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്തിനെ (44) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
പദ്മരാജൻ തിങ്കളാഴ്ച രാവിലെ കാസർകോട് റെയിൽവേ പോലീസിന് മുൻപാകെ ഹാജരാകുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ കൂടുതൽപ്പേരുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് കാസർകോട് റെയിൽവേ എസ്.ഐ. ടി.എൻ. മോഹനൻ പറഞ്ഞു.
ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഉണ്ണിത്താൻ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് എ വൺ കോച്ചിലാണ് കയറിയത്. എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരൻ, എം.കെ.എം. അഷറഫ്, എൻ.എ. നെല്ലിക്കുന്ന്, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ എന്നിവരും ഇതേ കോച്ചിലുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് വണ്ടി പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോൾ പദ്മരാജനും രണ്ടുപേരും താൻ ഇരിക്കുന്നിടത്തേക്കു വന്ന് അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് എം.പി. നൽകിയ പരാതി.
ഒപ്പമുണ്ടായിരുന്നവർ റെയിൽേവ പോലീസിനെ വിവരമറിയിച്ചു. ബഹളം കേട്ട് ടി.ടി.ഇ.യും എത്തി. വണ്ടി നീലേശ്വരത്തെത്തിയപ്പോൾ പദ്മരാജനും മറ്റു രണ്ടുപേരും ഇറങ്ങിയോടിയെന്നും എം.പി.യുടെ പരാതിയിലുണ്ട്. പദ്മരാജനും കൂടെയുണ്ടായിരുന്നവരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അവർ ടിക്കറ്റില്ലാതെയാണ് തീവണ്ടിയിൽ കയറിയതെന്നും എം.പി. പരാതിയിൽ പറഞ്ഞു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി എസ്.ഐ. വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ കാസർകോട് റെയിൽവേ പോലീസ് കാഞ്ഞങ്ങാട് ഐങ്ങോത്തുള്ള പദ്മരാജന്റെ വീട്ടിലും മറ്റിടങ്ങളിലുമെത്തി അന്വേഷണം നടത്തി. അതിനിടയിലാണ് അദ്ദേഹം കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ ഹാജരായത്. വണ്ടി നീലേശ്വരം സ്റ്റേഷനിലെത്തിയപ്പോഴാണ് അതിൽ കയറി എം.പി.യെ കണ്ടതെന്നും ചില ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് കയറിയതെന്നുമാണ് പദ്മരാജന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.