പത്തനംതിട്ട : കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ താങ്ങിനിലനിര്‍ത്തുന്ന പ്രവാസികള്‍ക്ക് കേരള ബജറ്റിൽ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് നിരുപാധിക പെൻഷനും ജോലി, പാർപ്പിടം തുടങ്ങിയ പുനരധിവാസ പദ്ധതികളും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആഗോള സാമ്പത്തിക, സ്വദേശിവൽക്കരണം, നിതാഖത്ത് നിയമം എന്നിവ മൂലമുള്ള ജോലി നഷ്ടത്തിന് പുറമെ ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ മടങ്ങി എത്തിയിരിക്കുകയാണ്. ഇവർക്ക് തൊഴിൽ നല്കുന്നതിനോ പെൻഷൻ ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിനോ സംസ്ഥാന ബജറ്റിൽ കാര്യമായ നിർദ്ദേശങ്ങൾ ഇല്ലാത്തത് പ്രതിഷേധാർഹമാണ്. പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നൂറ്റി എഴുപത് കോടി രൂപയും തൊഴിൽ സംരംഭങ്ങൾക്കായുള്ള ബാങ്ക് വായ്പാ സബ്സിഡി ഇരുപത്തിഅഞ്ച് കോടിയും അപര്യാപ്തമാണെന്നും നിയമസഭയിലെ ബജറ്റ് ചർച്ചയിൽ ഇത് മതിയായ തോതിൽ വർദ്ധിപ്പിച്ച് പ്രഖ്യാപനം നടത്തണമെന്നും സാമുവൽ കിഴക്കുപുറം സംസ്ഥാന മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് അയച്ച നിവേദനത്തിൽ അഭ്യത്ഥിച്ചു.
യു.ഡി.എഫ് സർക്കാർ മടങ്ങിവന്ന പ്രവാസികൾക്കായി നോർക്കാ വകുപ്പ് മുഖേന ആരംഭിച്ചതും ഇപ്പോൾ കാര്യക്ഷമമായി നടപ്പാക്കാതിരിക്കുന്നതുമായ പ്രൊജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രൻസ് തൊഴിൽദാന പദ്ധതി, മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിനുള്ള ലക്ഷം രൂപാ ധനസഹായ പദ്ധതി, മടങ്ങിവന്നവരുടെ ചികിത്സാ ധനസഹായ പദ്ധതി, മക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവ കാലോചിതമായി പരിഷ്കരിച്ച് ഫലപ്രദമായി നടപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
കോവിഡ് രോഗം മൂലം ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലും നാട്ടിലുമായി മരിച്ച പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ സംസ്ഥാന ബജറ്റ് ചർച്ചയിൽ നടപടികൾ വേണമെന്ന് സർക്കാരിനോട് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ആശങ്ക പരിഹരിക്കുവാനും ഇതു സംബന്ധിച്ച് പ്രവാസികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുവാനും സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നോർക്ക ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരക്ക് വർദ്ധന ഉൾപ്പെടെ പ്രവാസികൾ അനുഭവിക്കുന്ന വിമാന യാത്രാ ദുരിതം പരിഹരിക്കുവാൻ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണം. പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിനും കോവിഡ് തീവ്ര സാഹചര്യത്തിനും ശേഷം ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.