കൊച്ചി : അബുദാബിയില്‍നിന്നുള്ള ആദ്യ വിമാനത്തില്‍ ഇന്ന് കൊച്ചി നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് 179പേര്‍. എറണാകുളം ജില്ലക്കാരായ യാത്രക്കാരെ കളമശേരി എസ്.സി.എം.എസ് ഹോസ്റ്റലിലും, മറ്റ് ജില്ലക്കാരെ സ്വന്തം ജില്ലകളിലേക്കും മാറ്റും. ബാഗേജുകളുടെ അണുനശീകരണത്തിനടക്കം വിപുലമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.
നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാർ ഇതിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചരയോടെ യാത്രക്കാരുമായി മടങ്ങും. വിമാനത്തിന്റെ അണുവിമുക്തമാക്കൽ പൂർത്തിയായി. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോമുകൾ ഈ വിമാനത്തിൽ കൊടുത്തുവിടും.
ടെർമിനലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെംപറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേക്കും തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസുകളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും മാറ്റും. ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലക്കാരായ ഇരുപത്തിയഞ്ചുപേരാണ് ഉള്ളത്.
ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്‍ വികസിപ്പിച്ച അൾട്രാവയലറ്റ് ഉപകരണവും, അണുനാശിനിയും ഉപയോഗിച്ച് ബാഗുകള്‍ അണുവിമുക്തമാക്കും. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാർക്കായി പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും