പത്തനംതിട്ട : തിരികെ എത്തുന്ന പ്രവാസികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ജില്ലയിലൊരുക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു പറഞ്ഞു. നിലവില്‍ എണ്ണായിരത്തിലധികം ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ജില്ലയിലെ എംപി, എംഎല്‍എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എംഎല്‍എ മാരുടേയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടേയും നേതൃത്വത്തില്‍ ഇനിയും സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആശുപത്രി ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയില്‍ നടക്കുകയാണ്. ആര്‍സിസിയില്‍ ചികിത്സ നടത്തിയിരുന്നവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗം ചികിത്സിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആര്‍സിസിയില്‍ പോകേണ്ടവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കുമെന്നും മന്ത്രി പറഞ്ഞു.