തിരുവനന്തപുരം : പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മോൻസൻ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും മാറിയതായി പ്രവാസി മലയാളി ഫെഡറേഷൻ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ ഫോട്ടോയും നീക്കം ചെയ്തു.
പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് പുറത്ത് വന്നത്. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്ന പേര് ഉപയോഗപ്പെടുത്തിയും മോൻസൻ മാവുങ്കൽ തട്ടിപ്പുകൾ നടത്തിയിരുന്നു. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുളള പുരാവസ്തുക്കളുടെ വിൽപ്പനക്കാരൻ എന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്.