ഷാർജ : ഓൺലൈൻ പഠനത്തിലൂടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ച് പ്രവാസി മലയാളി. പത്തനംതിട്ട ചിറ്റാർ സ്വദേശി മനു വർഗീസ് കുളത്തുങ്കൽ ആണ് ലോക റെക്കോർഡിന് അർഹനായത്.
കോവിഡ് കാലഘട്ടത്തിൽ 28 അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്നും ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വിവിധ സംഘടനകളിൽ നിന്നും 53 ഓൺലൈൻ കോഴ്സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനാണ് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൻറെ അംഗീകാരം ലഭിച്ചത്.
ഇന്നലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഡോ.ഇ. പി ജോൺസനിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. 2020 ഏപ്രിൽ നാല് മുതൽ മുതൽ 2021 ഓഗസ്റ്റ് 25 വരെയുള്ള കാലഘട്ടത്തിലാണ് കോഴ്സുകൾ ചെയ്തത് .
ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടിയശേഷമാണ് പ്രവാസ ലോകത്തേക്ക് ചേക്കേറിയത്. അധ്യാപകനായും മാധ്യമപ്രവർത്തകനായും നാട്ടിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുഎഇയിലെ സാമൂഹിക – സാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ സജീവമാണ്. യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്സ് വിഭാഗത്തിലാണ് ജോലി. ഭാര്യ ജിഷ മനു മെഡിക്കൽ ഇൻഷുറൻസ് സൂപ്പർവൈസർ ആണ്. മക്കൾ : ഡാരൻ( വിദ്യാർത്ഥി, എമിറേറ്റ്സ് നാഷണൽ സ്കൂൾ ഷാർജ), ഡാൻ.
വായനയും പഠനവും കൈവിടാതെ പ്രവാസ ലോകത്ത് ശ്രദ്ധേയനായി മാറുകയാണ് ഇദ്ദേഹം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്ൻറെയും ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്ൻറെയും അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.