കൊച്ചി : വിദേശ രാജ്യങ്ങളില്‍നിന്ന് കപ്പല്‍ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി തുറമുഖത്ത് ഒരുക്കം പൂര്‍ത്തിയായി. മാലിദ്വീപില്‍നിന്ന് 750ഓളം പേരുമായി ആദ്യ കപ്പല്‍ ഞായറാഴ്ച രാവിലെ 10ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെര്‍മിനലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ കപ്പല്‍ വഴി തുറമുഖത്തെത്തും. കൊച്ചിയില്‍ എത്തുന്നതിനു മുമ്പ് കപ്പലില്‍നിന്നുള്ള എല്ലാ യാത്രക്കാരില്‍നിന്നും നാവികസേന സെല്‍ഫ് ഇ-ഡിക്ലറേഷന്‍ ഡേറ്റ ശേഖരിക്കും.
കൂടാതെ യാത്രക്കാരെ കോവിഡ് പരിശോധനക്കും വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും. തുടര്‍ന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റ് യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ല ഭരണകൂടമാണ് ആംബുലന്‍സ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്ക് പ്രത്യേക മേഖലയും ടെര്‍മിനലില്‍ നീക്കിവെച്ചിട്ടുണ്ട്. കപ്പലില്‍നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ നടപടികള്‍ക്കുശേഷം യാത്രക്കാരെ പ്രത്യേകം തയാറാക്കിയ കെ.എസ്.ആര്.ടി.സി ബസുകളില്‍ അതത് ജില്ലകളിലേക്ക് അയക്കും.
ഒരു ബസില്‍ 30 യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച് സ്വകാര്യ വാഹനങ്ങളും അനുവദിക്കും. സന്ദര്‍ശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ സാമുദ്രിക ടെര്‍മിനല്‍ പരിസരത്ത് അനുവദിക്കില്ലെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്പേഴ്സന് ഡോ. എം.ബീന അറിയിച്ചു. തുറമുഖത്തിന്റെ ചുമതലയുള്ള കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഐ.ജി വിജയ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ വ്യാഴാഴ്ച ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ല ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച നടത്തി.