കുവൈത്ത് സിറ്റി: കുവൈത്തില്‍ റമദാനിലെ തറാവീഹ് നമസ്‌കാര സമയം കുറച്ചു. റമദാനിലെ തറാവീഹ് നമസ്‌കാരം 15 മിനിറ്റില്‍ കൂടരുതെന്ന് മന്ത്രിസഭാ നിര്‍ദ്ദേശം. തറാവീഹ് നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ ഉടന്‍ തറാവീഹ് നമസ്‌കാരം നടത്താനും മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു. പള്ളികളിലും പൊതുസ്ഥലങ്ങളിലും ഇഫ്താര്‍ ഭക്ഷണവിതരണം നടത്തരുത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ വീടുകളില്‍ തന്നെ തറാവീഹ് നമസ്‌കാരം നിര്‍വഹിക്കണം. അഞ്ച് നേരവും നമസ്‌കാരം കഴിഞ്ഞാല്‍ പള്ളികള്‍ അടയ്ക്കണം, എന്നിങ്ങനെ വിവിധ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം സൗദി അറേബ്യയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പരമാവധി 30 മിനിറ്റായിരിക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പള്ളി ഇമാമുകൾക്കും മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ശൈഖ് ഞായറാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പഠനം നടത്തുന്ന സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തറാവീഹ്, ഖിയാമുലൈൽ നമസ്‍കാരങ്ങൾ ഇശാഅ് നമസ്‍കാരം കഴിഞ്ഞയുടന്‍ നിര്‍വഹിക്കാനും നിർദേശമുണ്ട്. ആളുകൾ പള്ളികളിൽ കൂടുതൽ സമയം നമസ്‍കാരവേളയിൽ കഴിയുന്നത് കൊവിഡ് വ്യാപനം കൂടാൻ ഇടയാക്കും. പള്ളികളിലെ സമയം കുറക്കാനുള്ള തീരുമാനം കൊവിഡ് ബാധ കുറക്കാൻ സഹായിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മുഴുവൻ പള്ളികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിരിക്കണം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുമ്പോൾ പായകൾ (മുസല്ല) കൂടെ കരുതുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ പള്ളിയിലെ ഉദ്യോഗസ്ഥരോടും പ്രാർത്ഥനക്കെത്തുന്നവരോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.