പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത, അഴിമതി, പോലീസ് അതിക്രമങ്ങൾ എന്നിവക്കെതിരെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന് നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഫെബ്രുവരി 6 – ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടര മണിക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ട രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി 24-ന് ആണ് കെ.പി.സി.സി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര പത്തനംതിട്ടയിൽ എത്തിച്ചേരുന്നത്. വൻ ജന പങ്കാളിത്തത്തോടെയുള്ള സ്വീകരണം ഒരുക്കുന്നതിനാണ് ഡി.സി.സി തയ്യാറെടുക്കുന്നതെന്ന് പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷക സംഘടനാ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ച് ചേർത്ത് സ്വാഗത സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് അവർ അറിയിച്ചു.