ചിറയിൻകീഴ് : മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്ക്കെന്ന വാർത്ത പുറത്ത് വന്നതോടെ നിരവതി പേരാണ് എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കോന്നി മുൻ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന അടൂർ പ്രകാശ് എം.പിയും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നാലു പതിറ്റാണ്ടു കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന മഹാനടൻ പ്രേംനസീർ അന്തരിച്ച് 34 വർഷം പിന്നിടുമ്പോഴും ജന്മനാട്ടിൽ മഹാനടന് ഒരു സ്മാരകമോ അദ്ദേഹത്തിന്റെ വീട് സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കുകയോ ചെയ്യാത്തത് ഏറെ ഖേദകരമാണെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എതിർപ്പ് രേഖപ്പെടുത്തിയത്.
600 ഓളം മലയാള ചിത്രങ്ങളിലും മുപ്പതിൽപ്പരം തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ, ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച നടൻ, മൂന്ന് ഗിന്നസ് റെക്കാർഡുകൾ നേടിയ നടൻ, പത്മഭൂഷൺ പുരസ്ക്കാരം തുടങ്ങി അനവധി അംഗീകാരങ്ങൾ നേടിയ അതുല്യ പ്രതിഭ, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടൻ തുടങ്ങി പ്രേംനസീറിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങൾ നിരവധിയാണ്. ഈ അതുല്യ പ്രതിഭ ജന്മനാട്ടിൽ പണികഴിപ്പിച്ച വീട് വിൽക്കുവാൻ പോകുന്നു എന്ന വാർത്ത ഇന്ന് രാവിലെ പത്രങ്ങളിലൂടെയാണ് അറിയുവാൻ ഇടയായത്. വളരെ വേദനയോടെയാണ് ഈ വാർത്ത വായിച്ചത്.
പ്രേംനസീറിന്റെ വീട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമായി സംരക്ഷിക്കണം എന്നുള്ളത് കലാസ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിന് നടപടി എടുക്കാത്തത് ഈ കലാകാരനോടുള്ള അവഗണനയായി മാത്രമേ കാണാനാകൂവെന്നും അമ്മപോലെയുള്ള സിനിമാ സംഘടനകൾ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേംനസീർ ജന്മനാട്ടിൽ പണികഴിപ്പിച്ച വീട് അദ്ദേഹം സിനിമക്ക് പകർന്നു നൽകിയ വെളിച്ചത്തെ പുതുതലമുറക്ക് പകർന്നു നൽകുന്ന ഗ്യാലറിയും സ്മാരകവുമാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും അയച്ച കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.