ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈയാഴ്ച നടക്കേണ്ട പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ലീഗ് മത്സരങ്ങൾ നീട്ടിവെച്ചു. രാജ്ഞിയോടുള്ള ആദരസൂചകമായാണ് മത്സരങ്ങൾ നീട്ടിവെയ്ക്കുന്നതെന്ന് പ്രീമിയർ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘രാജ്യത്തിനു വേണ്ടിയുള്ള രാജ്ഞിയുടെ അസാധാരണ സംഭാവനകൾ പരിഗണിച്ചും ആദരസൂചകമായും തിങ്കളാഴ്ച വൈകിട്ടത്തേത് അടക്കമുള്ള മത്സരങ്ങൾ നീട്ടിവെയ്ക്കുകയാണ്. ഞങ്ങളും പ്രീമിയർ ലീഗ് ക്ലബുകളും അവർക്ക് ആദരമർപ്പിക്കാൻ ആഗ്രഹിക്കുന്നു. സമർപ്പിത ജീവിതം കൊണ്ട് എല്ലാവർക്കും പ്രചോദനമാണ് അവർ’. – പ്രീമിയർ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.