തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 30മുതൽ ഫെബ്രുവരി 9 വരെ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 30ന് വൈകിട്ട് 6ന് വൈ.എം.സി.എ. ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകുന്നേരം 6.30ന് കലാപരിപാടികൾ ഉണ്ടായിരിക്കും. 31ന് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്ര സംവിധായകൻ ബ്ലസി നിർവഹിക്കും. ഫെബ്രുവരി 1ന് വൈകിട്ട് 6.30ന് കലാസന്ധ്യ ഉദ്ഘാടനം ഡിവൈ.എസ്.പി എസ്. അഷാദ് നിർവഹിക്കും.
2ന് വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻപ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയാകും. 9ന് വൈകിട്ട് 6ന് സമാപന സമ്മേളനം രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. 31ന് രാവിലെ 11മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കും. സ്‌കൂൾ അധികൃതരോടൊപ്പം സംഘമായെത്തുന്ന സ്‌കൂൾ കുട്ടികൾക്ക് പകുതി നിരക്കിൽ പ്രവേശനം നൽകുമെന്നും ഭാരവാഹികളായ ഇ.എ.ഏലിയാസ്, ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, പി.എ.ബോബൻ, സാംഈപ്പൻ, ടി.കെ.സജീവ്, റോജി കാട്ടാശ്ശേരി, സജി ഏബ്രഹാം, അഡ്വ.ബിനു വി. ഈപ്പൻ എന്നിവർ അറിയിച്ചു.