ആലക്കോട്: കണ്ണൂർ ജില്ലയിലെ ആലക്കോട്, ചെറുപുഴ മേഖലയിൽ രാത്രി കാലങ്ങളിൽ ഭീതി വിതച്ച് അജ്ഞാതന്‍റെ സാന്നിധ്യം. ദേഹത്ത് കരി പുരട്ടി മുഖം മൂടി ധരിച്ചത്തുന്ന അജ്ഞാതനെ കണ്ടെത്താൻ നാട്ടുകാരും പോലീസും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. സംഘത്തിൽ കൂടുതൽ പേരുള്ളതായും പിന്നിൽ മോഷണ ശ്രമമെന്നുമാണ് പോലീസിന്‍റെ സംശയം. ഒരു മാസത്തിൽ അധികമായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് മുഖംമൂടി ധാരിയായ അജ്ഞാതൻ. ഒന്നര മാസം മുൻപ് അലക്കോട് പഞ്ചായത്തിലെ കൊടോപ്പള്ളിയിലാണ് ആദ്യമായി ഇയാളുടെ സാന്നിധ്യം ഉണ്ടായത്.
പുലർച്ചെ വീടിന് പുറത്തിറങ്ങിയ വീട്ടമ്മയാണ് ദേഹമാസകലം കറുത്തചായം പൂശി മുഖം മൂടി ധരിച്ച നിലയിൽ അജ്ഞാതനെ കണ്ടത്. തൊട്ടടുത്ത ദിവസം സമീപ പ്രദേശങ്ങളായ ചിറ്റടി, മൂന്നാം കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും അജ്ഞാതന്‍റെ സാന്നിധ്യമുണ്ടായി. പിന്നാലെ ഇയാളെ കണ്ടെത്താൻ നാട്ടുകാർ രാത്രി കാലങ്ങളിൽ കാവൽ തുടങ്ങി. തൊട്ടടുത്ത ദിവസം ചെറുപുഴ പഞ്ചായത്തിലെ പ്രപ്പോയിൽ, തിരുമേനി തുടങ്ങിയ സ്ഥലങ്ങളിലും ഈ അജ്ഞാത രൂപം പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ഒന്നിലധികം ആളുകൾ ഇത്തരത്തിൽ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന സംശയം നാട്ടുകാരിൽ ബലപ്പെട്ടത്.