കണ്ണൂര്‍ : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30നു കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. സംസ്ഥാനത്ത് വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത് അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിക്ക് മടങ്ങും. ഇന്ന് വൈകീട്ട് 3.20നു കാസര്‍കോട് പെരിയയില്‍ കേരള കേന്ദ്ര സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. പിന്നീട് കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലേക്കു തിരിക്കും. വൈകീട്ട് 6.35നു കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. താജ് മലബാര്‍ റിസോര്‍ട്ടിലാണ് താമസം.
നാളെ രാവിലെ 9.50 മുതല്‍ കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിച്ച ശേഷം 11.30നു വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. ബുധനാഴ്ച രാവിലെ 10.20നു നാവികസേനാ വിമാനത്താവളത്തില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിയെ സ്വീകരിക്കും. 11.30നു പൂജപ്പുരയില്‍ പി എന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിലും തുടര്‍ന്നുള്ള പൊതുസമ്മേളനത്തിലും പങ്കെടുക്കും. വൈകീട്ട് 5 മണി മുതല്‍ 6 വരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനം. 23നു രാജ്ഭവനില്‍ താമസിച്ച് 24നു രാവിലെ 9.50നു ഡല്‍ഹിക്കു മടങ്ങും.