തിരുവനന്തപുരം: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസ്. മണിപ്പൂരില്‍ തുടരുന്ന കലാപത്തിന് അടിയന്തിരമായി അറുതി ഉണ്ടാക്കണമെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ജസ്റ്റീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളില്‍ നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടിട്ടും ജൂഡീഷ്യല്‍ – സി.ബി.ഐ. അന്വേഷണങ്ങളും രാഷ്ട്രീയ പരിഹാരവും പ്രഖ്യാപിച്ചിട്ടും കലാപം തുടരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. കുക്കികളുടെ മരണത്തെ ഭീകര പ്രവര്‍ത്തകരുടെ മരണമായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും ഈ നിലപാട് തള്ളിയത് സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില്‍ വീഴ്ച വരുത്തി. സര്‍ക്കാര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരവും ജോലിയും നല്കുന്നതോടൊപ്പം തകര്‍ക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും മറ്റ് കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിച്ചു നല്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു.
കലാപത്തിന്റെ ഇരയും ദൃക്സാക്ഷിയുമായ മിഷനറി ഇവാഞ്ചലിസ്റ്റ് സുനില്‍ ശര്‍മ്മ മണിപ്പൂരിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. പാസ്റ്റര്‍ ലിബീഷ് ന്യൂഡല്‍ഹി പരിഭാഷ നിര്‍വഹിച്ചു. ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ പോള്‍, മേജര്‍ വി. കെ ജോസ്, റവ. ഡോ. എല്‍.ടി പവിത്രസിംഗ്, പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, റവ. പി. കെ യേശുദാസ്, പാസ്റ്റര്‍ ജേക്കബ് കുര്യന്‍, ഫാ. ബന്യാമിന്‍ ശങ്കരത്തില്‍, റവ. ഡി. സച്ചിദാനന്ദ ദാസ്, പാസ്റ്റര്‍ ജോണ്‍ സ്റ്റോബി, പാസ്റ്റര്‍ സജു മാവേലിക്കര എന്നിവര്‍ സംസാരിച്ചു.