ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ഇന്നലെ പമ്പയിലെത്തി പരിശോധന നടത്തി മടങ്ങി. നിലയ്ക്കൽ– പമ്പ പാതയിൽ ഉണങ്ങിയതും അപകടാവസ്ഥയിലുള്ള 21 മരങ്ങൾ വനംവകുപ്പ് മുറിച്ചു മാറ്റും. പ്ലാപ്പള്ളി ഫോറസ്റ്റർ അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മരങ്ങളുടെ പട്ടിക ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർക്ക് സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചശേഷമേ മരങ്ങൾ മുറിക്കു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തി.
ഈ മാസം 19ന് കുമരകത്തുനിന്നു ഹെലികോപ്റ്ററിൽ രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങും. കാർ മാർഗം പമ്പയിലെത്തി ഇരുമുടിക്കെട്ടുമുറുക്കി സന്നിധാനത്തേക്കു മലകയറുമെന്നും ദർശനശേഷം അന്നുതന്നെ മടങ്ങുമെന്നാണ് വിവരം. പഹൽഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിൽ മാറ്റം ഉണ്ടാകുമോ എന്നറിയില്ല. ഔദ്യോഗിക അറിയിപ്പ് ഇന്നലെയും ദേവസ്വം ബോർഡിനു ലഭിച്ചിട്ടില്ല. എന്നാലും മുന്നൊരുക്കങ്ങൾ നടത്താനാണു ബോർഡിന്റെ തീരുമാനം.