കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എ ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപ കരാര്‍ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്നതില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും സതീശന്‍ ആവര്‍ത്തിച്ചു. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം എ.ഐ. കാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എ.ഐ. കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.