പത്തനംതിട്ട : ജില്ലയില്‍ വേനല്‍ കടുത്തതോടെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. കളക്ടറേറ്റില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജലജന്യ രോഗങ്ങള്‍ പകരാതിരിക്കുവാന്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡൈക്ലോറിനൈസേഷന്‍ നടത്തുകയും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും വേണം. ഗ്രാമ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പഞ്ചായത്തുകളിലെ വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ശീതള പാനീയ കടകള്‍, ഐസ് ഫാക്ടറി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം. എലിപ്പനി പ്രതിരോധിക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ് നന്ദിനി, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സി.ജി ശ്രീരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.