ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബെഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. അമേരിക്കൻ കോൺഗ്രസിനെ ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാകും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചർച്ചകൾ നടക്കുക.
ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. തെരഞ്ഞെടുത്ത കമ്പനികളുടെ സി ഇ ഒ മാരുമായും ഇന്ത്യൻ സംഘം ചർച്ച നടത്തും. ഈ മാസം 21 ാം തിയതി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ യോഗ ദിന പരിപാടികൾക്ക് നേതൃത്വം നൽകുന്നതും മോദിയാകും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച മോദി ഈജിപ്തിലേക്ക് പോകും. ഈജിപ്ത് സന്ദർശനത്തിന് ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക.