അഹമ്മദാബാദ് : 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിൽ ചെയ്തത് രാജ്യത്തിന്റെ വികസനത്തിന്റെ ട്രെയിലർ മാത്രമാണെന്നാണ് ചടങ്ങിൽ പ്രധാനമന്ത്രി വിശദമാക്കിയത്. റെയിൽവേ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിച്ചു. രാജ്യത്തെ യുവജനങ്ങളാണ് രാജ്യത്തിന് എത്തരത്തിലുള്ള റെയിൽവേയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ സർക്കാരുകൾ രാഷ്ട്രീയ സ്വാർത്ഥതയ്ക്കാണ് മുൻഗണന നൽകിയത്. റെയിൽവേ അതിന്റെ പ്രധാന ഇരയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തറക്കല്ലിട്ടത് നിങ്ങളുടെ മെച്ചപ്പെട്ട ഭാവിയിലേക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദ്- മുംബൈ സെൻട്രൽ, സെക്കന്ദരാബാദ്- വിശാഖപട്ടണം, പുരി- വിശാഖപട്ടണം, മൈസുരു- ചെന്നൈ, പാട്ന- ലക്നൌ, ന്യൂ ജൽപായ്ഗുരി- പാട്ന, ലക്നൌ-ഡെറാഡൂൺ, കലബുറഗി-ബെംഗളുരു, വാരണാസി- റാഞ്ചി, കജുരാരോ- ദില്ലി. 2010ലാണ് ദില്ലി- വാരണാസി പാതയിലാണ് ആദ്യ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. 41 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്.