മുംബൈ : പൊതുചടങ്ങിൽ മാസ്ക് ധരിക്കാതെ എത്തിയതിനെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകർക്ക് പ്രധാനമന്ത്രിയെ ചൂണ്ടി മറുപടി നൽകി ശിവസേനാ എം.പി സഞ്ജയ് റാവുത്ത്. നാസിക്കിൽ നടന്ന പരിപാടിക്കാണ് മാസ്ക് ധരിക്കാതെ റാവുത്ത് എത്തിയത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രി മാസ്ക് ധരിക്കാത്തത് ചൂണ്ടിക്കാട്ടി റാവുത്തിന്റെ മറുപടി. മാസ്ക് ധരിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുണ്ട്. പക്ഷെ അദ്ദേഹം മാസ്ക് ധരിക്കാറില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ മാസ്ക് ധരിക്കാറുണ്ട്. പക്ഷെ, മോദിയാണ് രാജ്യത്തിന്റെ നേതാവ്. ഞാൻ പ്രധാനമന്ത്രിയെ പിന്തുടരുന്നു. അതുകൊണ്ട് ഞാൻ മാസ്ക് ധരിക്കുന്നില്ല, എന്തിന് ആളുകളും മാസ്ക് ധരിക്കുന്നില്ല, റാവുത്ത് പറഞ്ഞു.
അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും ശിവസേനാ വക്താവു കൂടിയായ റാവുത്ത് പറഞ്ഞു. നിരോധനാജ്ഞ നിലവിലുണ്ട്. എന്നാൽ സാമ്പത്തിക വളർച്ച തടയുമെന്നതിനാൽ അത്തരം നിയന്ത്രണങ്ങൾ പകൽസമയത്ത് ഉണ്ടാകരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻ.സി.പി എം.പി സുപ്രിയ സുലെ, സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ, എൻ.സി.പി എം.എൽ.എ പ്രജക്ത് താൻപുരെ തുടങ്ങിയവർ കോവിഡ് പോസിറ്റീവ് ആണ്. അതിനാൽത്തന്നെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണമെന്നും റാവുത്ത് പറഞ്ഞു.