ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിലിൽ രാജ്യം സന്ദർശിക്കാനുള്ള ക്ഷണം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ദുബൈയിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കൈമാറിയത്. ഷെയ്ഖ് ഹംദാൻ എക്സ് അക്കൗണ്ട് വഴിയാണ് ക്ഷണം ലഭിച്ചതിനേപ്പറ്റി വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിയതായി ഷെയ്ഖ് ഹംദാൻ ‘എക്സി’ൽ കുറിച്ചു. ആഗോള തലത്തിലും മേഖലയിലും സ്ഥിരത സംഭാവന ചെയ്യുന്ന ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം അബുദാബിയിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എന്നിവരുമായും മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.