ഡൽഹി: യുക്രെയിൻ ദേശീയ ദിനത്തോടനുബന്ധിച്ച് അടുത്ത മാസം 24ന് തലസ്ഥാനമായ കീവിലേക്ക് സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 2022ൽ ആരംഭിച്ച റഷ്യൻ- യുക്രെയിൻ യുദ്ധത്തിനുശേഷം മോദി കീവിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. യുക്രെയിൻ പ്രസിഡന്റായ വോളോഡിമർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.രാജ്യങ്ങളിലേക്ക് സമാധാനം കൊണ്ടുവരാനുളള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് മോദിയുടെ സന്ദർശനം. പുതിയ നീക്കവുമായി ബന്ധപ്പെട്ട് ഇതുവരെയായിട്ടും രണ്ട് രാജ്യങ്ങളിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 14ന് ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദി സെലൻസ്‌കിയുമായി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അന്ന് അറിയിച്ചത്. യുക്രെയിനിലെ സ്ഥിതിഗതികളെക്കുറിച്ചും സ്വിറ്റ്സർലാൻഡ് ആതിഥേയത്വം വഹിക്കുന്ന ഉച്ചക്കോടിയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നയതന്ത്രത്തിലൂടെയും സമാധാനപരമായും പ്രശ്നം പരിഹരിക്കാമെന്ന പ്രോത്സാഹനം ഇന്ത്യ തുടരുകയാണെന്നും മോദി അറിയിച്ചു.