ഇസ്ലാമാബാദ്: ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ പ്രതികരണം പാക് പ്രധാനമന്ത്രി നടത്തിയിരുന്നു. അതേസമയം പാകിസ്താനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിന് പുറത്തിറങ്ങരുതെന്നും വിളക്കുകള്‍ പൂര്‍ണമായും അണക്കണമെന്നും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി മേഖലകളിലാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഇതുവരെ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പതുഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍.
പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.